Wednesday, December 27, 2006

നൃപതികരനല്ലൂര്‍ അഥവാ നിര്‍മ്മല്ലൂരിനെ പറ്റി സ്വല്‍പം...

നൃപന്‍ അഥവാ രാജാവ്‌ വാണിരുന്ന സ്ഥലമായതിനാല്‍ നൃപതികരനല്ലൂര്‍ എന്നു പേരു വന്നു. അത്‌ പിന്നീട്‌ ലോപിച്ച്‌ "നിര്‍മ്മല്ലൂര്‍" എന്നായി. ഇപ്പോള്‍ ഈ കൊച്ചു ഗ്രാമം ആ പേരിലണ്‌ അറിയപ്പെടുന്നത്‌.

മഞ്ഞപ്പുഴയാണ്‌ നിര്‍മ്മല്ലൂരിന്റെ സൗന്തര്യത്തെ കിരീടമണിയിച്ചിരിക്കുന്നത്‌. വയനാടന്‍ കുന്നുകളില്‍ നിന്നും ഉത്ഭവിച്ച്‌ നിരവധി പ്രദേശങ്ങള്‍ താണ്ടി അവള്‍ നിര്‍മ്മല്ലൂരിലെത്തുന്നു. പിന്നീട്‌ വാകയാട്‌, നടുവണ്ണൂര്‍, തെരുവത്ത്‌ കടവ്‌ കടന്ന് കണയങ്കോട്‌ എന്ന സ്ഥലത്തു വെച്ച്‌ കായലുമായി ലയിക്കുന്നു.

ചെറുതെങ്കിലും കേരളത്തിന്റെ വികസിച്ചു വരുന്ന സാമാന്യം ഭേദപ്പെട്ട ബാലുശ്ശേരിയാണ്‌ നിര്‍മ്മല്ലൂരിന്റെ ഏറ്റവും അടുത്ത അങ്ങാടിയും പട്ടണവും. എങ്കിലും ബാലുശ്ശേരി പഞ്ചായത്തില്‍പ്പെട്ട ഒരു വില്ലേജല്ല, നിര്‍മ്മല്ലൂര്‍. ബാലുശ്ശേരിയില്‍ നിന്നും ഏകദേശം അഞ്ച്‌ കിലോമീറ്റര്‍ വടക്കുകിഴക്കായി ഉള്ള പനങ്ങാട്‌ എന്ന പഞ്ചായത്തിന്റെ പരിധിയിലാണ്‌ ഈ ഗ്രാമം. മഞ്ഞപ്പുഴയുടെ അതിര്‍ത്തിയില്‍ വെച്ച്‌ ബാലുശ്ശേരി പഞ്ചായത്തിന്റെ പരിധി അവസാനിക്കുന്നു. മഞ്ഞപ്പുഴയുടെ കുറുകെയുള്ള കോണ്‍ക്രീറ്റ്‌ പാലം വന്നിട്ട്‌ ഏകദേശം ഇരുപത്തഞ്ച്‌ വര്‍ഷമേ ആയുള്ളൂ. അതിനു മുന്‍പ്‌ ബാലുശ്ശേരി ഭാഗത്തു നിന്നും വരുന്നവര്‍ക്ക്‌ ബാലുശ്ശേരി ബ്ലോക്ക്‌ ഓഫീസിന്റെ വലത്‌ ഭാഗത്ത്‌ കൂടിയുള്ള ഇടവഴിയില്‍ക്കൂടി സഞ്ചരിച്ച്‌ തടി കൊണ്ടുള്ള പാലം കടന്നു വേണം നിര്‍മ്മല്ലൂരിലെത്താന്‍.

നിര്‍മ്മല്ലൂര്‍ ഗ്രാമാതിര്‍ത്തി എന്നു പറയുമ്പോള്‍ ദിക്കുകള്‍ തിരിച്ച്‌ വേണമല്ലോ പറയാന്‍? തെക്ക്‌, മേല്‍പ്പറഞ്ഞ പ്രകാരം ബാലുശ്ശേരി പഞ്ചായത്തും, കിഴക്കായി പനങ്ങാട്‌ പഞ്ചായത്തും, വടക്കും പടിഞ്ഞാറും കോട്ടൂര്‍ പഞ്ചായത്തും, അതിര്‍ത്തിയാണ്‌.

മഞ്ഞപ്പാലത്തിന്റെ ഇരുവശത്തോട്ടും കൊച്ചു കൈവഴി റോഡുകള്‍ തിരിയുന്നുണ്ട്‌. ഇരുവഴികളുടേയും ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പറയേണ്ട കാര്യമില്ല്ലല്ലോ? കിഴക്കോട്ടുള്ള റോഡ്‌ ബാലുശ്ശേരിയില്‍ നിന്നും വയലിട എന്ന സ്ഥലത്തേക്കുള്ള റോഡുമായി സന്ധിക്കുമ്പോള്‍, പടിഞ്ഞാറേക്കുള്ള റോഡ്‌ വാകയാട്‌ അങ്ങാടിയുമായി ബന്ധിക്കുന്നു. കിഴക്കോട്ടുള്ള ഈ പാതയിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രസിദ്ധമായ ബാലുശ്ശേരി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ എത്താം. ഈ വഴിയില്‍ത്തന്നെ ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഒരു മുസ്ലീം പള്ളിയും ഉണ്ട്‌. വാകയാട്‌ ഒരു കൊച്ചു അങ്ങാടി പ്രദേശമാണ്‌. മഞ്ഞപ്പുഴയുടെ ഒരു ശാഖ നിര്‍മ്മലൂരിനെയും വാകയാടിനെയും വേര്‍തിരിക്കുന്നു. ഈയടുത്ത കാലത്താണ്‌ നാട്ടുകാരുടെ ശ്രമഫലമായി അവിടൊരു പാലം വന്നത്‌. ബാലുശ്ശേരി പോസ്റ്റ്‌ ഓഫീസിന്റെ ഒരു ബ്രാഞ്ച്‌ പോസ്റ്റ്‌ ഓഫീസ്‌ മഞ്ഞപ്പാലത്തിനടുത്തായാണ്‌. പക്ഷെ ഇത്‌ "പനങ്ങാട്‌" പോസ്റ്റ്‌ ഓഫീസ്‌ എന്ന പേരിലാണെന്നു മാത്രം.ഇപ്പോഴും "രാജന്‍" തന്നെ സൈക്കിളില്‍ നിര്‍മ്മല്ലൂരാകെ കത്തുകള്‍ എത്തിക്കുന്ന പോസ്റ്റ്‌ മാന്‍.

ബാലുശ്ശേരിയില്‍ നിന്നും കൂട്ടാലിടയിലേക്കുള്ള റോഡിലാണ്‌ നിര്‍മ്മല്ലൂര്‍ ഗ്രാമം. കൂട്ടാലിടയും വാകയാടിനെപ്പ്പ്പോലെ ചെറിയ ഒരങ്ങാടിയാണ്‌. കൂട്ടാലിടയിലേക്കുള്ള വഴിയില്‍ തൃക്കുറ്റിശ്ശേരി എന്ന സ്ഥലത്താണ്‌ നിര്‍മ്മല്ലൂരിന്റെ വടക്കേ അതിര്‍ത്തി. കേരളമെന്നല്ല, ലോകത്ത്‌ എല്ലാ സ്ഥലങ്ങളേയും വേര്‍തിരിക്കുന്നത്‌ പുഴയോ, നദിയോ ആണെല്ലോ? നിര്‍മ്മല്ലൂരിനെ കോട്ടൂര്‍ പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്നതും മഞ്ഞപ്പുഴയുടെ ഒരു ശാഖ തന്നെ. ഇവിടെയുള്ള പാലം ബലക്ഷയം വന്ന് ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്‌.

കൂട്ടാലിടക്ക്‌ പൂനത്തുരുത്തു മലയെന്ന പൊലേ, നിര്‍മ്മല്ലൂരിനും വാഴോറമല ഒരഹങ്കാരമാണ്‌. ജനവാസമുള്ള ഒരു ചെറിയ മലയാണ്‌ ഇത്‌.ഇപ്പോഴും മണ്ണെണ്ണ വിളക്കുമായി കഴിയുന്ന ആളുകള്‍ അവിടെ ഉണ്ടെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. പണ്ടുകാലത്തും ഇപ്പോഴും ഓണസമയങ്ങളില്‍ പൂക്കളമൊരുക്കാന്‍, അതിനു വേണ്ട പൂവുകള്‍ പറിക്കാന്‍ കുട്ടികള്‍ വാഴോറമലയില്‍ പോകുമായിരുന്നു. ഞാനും അതില്‍ പങ്കാളിയായിട്ടുണ്ട്‌. ഗ്രാമത്തില്‍ വസിക്കുന്ന പല ആളുകള്‍ക്കും വാഴോറമലയില്‍ അവരുടേതായ വസ്തുക്കള്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‌.

മഞ്ഞപ്പാലം കഴിഞ്ഞ ഉടനെ തന്നെ വലതും ഇടതും വശത്തായി പാടങ്ങള്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ധാരാളം പുതിയ സൗധങ്ങളാല്‍ അവിടം നിറഞ്ഞിരിക്കുന്നു. ഒരു എല്‍.പി. സ്കൂള്‍ നിര്‍മ്മല്ലൂരിലുണ്ട്‌. ഇത്‌ മഞ്ഞപ്പാലത്തിനടുത്തായിട്ടാണ്‌. നിര്‍മ്മല്ലൂരിലെ ഒരു പൊതുവിതരണ കേന്ദ്രം (റേഷന്‍ പീടിക) മഞ്ഞപ്പാലം കഴിഞ്ഞാല്‍ ഉടനെ കാണാം. മഞ്ഞപ്പാലം നിര്‍മ്മല്ലൂരിലെ ഒരു പ്രധാന ബസ്‌ സ്റ്റോപ്പ്‌ കൂടിയാണ്‌.

നിര്‍മ്മല്ലൂരിലെ നരസിംഹമൂര്‍ത്തി ക്ഷേത്രം ഒരു പ്രധാന ദേവാലയമാണ്‌. കേരളത്തില്‍ തന്നെ നരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്‌. ഇതും മഞ്ഞപ്പാലത്തില്‍ നിന്നും വിദൂരമല്ല. എങ്കിലും പ്രധാന റോഡില്‍ നിന്നും കുറച്ച്‌ മാറിയാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. അയ്യപ്പഭജനമഠം ഈ ഗ്രാമത്തിനെ ശരണം വിളിയാല്‍ ഉണര്‍ത്തുന്നു. മണ്ഡലമാസക്കാലത്ത്‌ ഇവിടം അയ്യപ്പഭക്തന്മാരാല്‍ നിറയുന്നു. കെട്ടുനിറയും, ഭജനകളും, അയ്യപ്പന്‍പാട്ടും പൂജകളുമായി ഇവിടുത്തെ അന്തരീക്ഷത്തെ ഭക്തിമുഖരിതമാക്കുന്നു. ഈ ബസ്‌ സ്റ്റോപ്പും ഭജനമഠത്തിന്റെ പേരില്‍ അറിയപ്പെടുന്നു.

ഭജനമഠം കഴിഞ്ഞാലുള്ള കുത്തനെയുള്ള ഒരു കയറ്റം കഴിഞ്ഞാല്‍, വലതുവശത്തായി ഒരു വൈദ്യശാല കാണാം. നാളിതുവരെ, ഞാനതില്‍ രോഗികളെയോ, മരുന്നുവാങ്ങിക്കുന്നവരെയോ കണ്ടിട്ടില്ല. ശരിക്കും ഒരു നോക്കുകുത്തി പോലെ അതിന്നും തല്‍സ്ഥാനത്തുണ്ട്‌. "വയറിംഗ്‌" സുരേന്ദ്രന്റെ വീട്‌ വൈദ്യശാലയുടെ അടുത്താണ്‌. ഇവിടെല്ലാം പ്രധാന റോഡിന്റെ ഇരുവശങ്ങളിലേക്കുമായി കൊച്ചു കൊച്ചു ഇടവഴികള്‍ ദൃശ്യമാണ്‌.

പാറമുക്കും നിര്‍മ്മല്ലൂരിലെ അപ്രധാനമല്ലാത്ത ഒരു ജങ്ക്ഷനായി നില്‍ക്കുന്നു. "പാറമുക്ക്‌" ഈ പേര്‍ വന്നത്‌ പാറയില്‍നിന്നും വന്നതായിരിക്കാം. ഇവിടെ റോഡിന്റെ വലതു ഭാഗത്തായി വലിയൊരു കരിങ്കല്‍ ക്വാറി കാണാം. ദിവസേന എത്രയോ ലോറികളില്‍ ഇവിടെ നിന്നും പൊട്ടിച്ച കരിങ്കല്‍ പാറകള്‍ കൊണ്ടുപോകുന്നത്‌ രാവിലെ മുതല്‍ കാണാം. കൂടാതെ ഈ പാറകള്‍ ഡൈനാമിറ്റ്‌ വച്ച്‌ പൊട്ടിക്കുന്നു, അതിനു ശേഷം ഓല വെച്ചു കെട്ടിയ കൊച്ചു കൊച്ചു കൂരകളില്‍ എത്തിക്കുന്നു. പിന്നീട്‌ അത്‌ ചെറിയ കഷണങ്ങള്‍ ആക്കുന്നത്‌ മിക്കവാറും ഇന്നാട്ടിലെ സ്ത്രീകളാണ്‌. അവര്‍ക്ക്‌ അതിന്‌ ദിവസവേതനം ലഭിക്കുന്നു.

പാറമുക്കില്‍ നിന്നും വലത്തോട്ടും ഇടത്തോട്ടും വലത്തോട്ടും വാഹനയോഗ്യമായ വഴികള്‍ ഉണ്ട്‌. വലത്തോട്ടുള്ള വഴി വട്ടോളി (ബാലുശ്ശേരി-താമരശ്ശേരി സംസ്ഥാനപാതയിലെ ഒരു സ്ഥലം) യില്‍ നിന്നും കണ്ണാടിപ്പൊയില്‍ റൂട്ടിലേക്കുള്ള വഴിയില്‍ ചെന്നു ചേരും. ഇടത്തേക്കുള്ള വഴി കൊട്ടാരം മുക്കുമായി യോജിപ്പിക്കുന്നു. കാര്‍ ഡ്രൈവര്‍ ശേഖരന്റെ വീട്‌ പാറമുക്കിനും ദേവിമുക്കിനും മദ്ധ്യത്തായാണ്‌.

"ദേവി" എന്ന സ്ത്രീയുടെ ഓര്‍മ്മക്കായി ഈ ജംങ്ങ്ഷനു പേരു നല്‍കിയിരിക്കുന്നു. വാഴോറമല സന്ദര്‍ശിക്കുന്നവര്‍ക്ക്‌ അവിടേക്കു പോകാനുള്ള അത്യാവശ്യം നല്ല നടപ്പാത ഇതിലേയാകും. "കണ്ടക്ടര്‍" രാഘവന്റെ വീട്‌ വാഴോറമലയിലേക്കുള്ള ഈ വഴിയിലാണ്‌.

കൊട്ടാരം മുക്കാണു അടുത്ത സ്ഥലം. കൊട്ടാരവും കോവിലകവും എല്ലാം ഒന്നു തന്നെ. മല്ലിശ്ശേരി കോവിലകം ഇവിടെയാണ്‌. പണ്ടൊരു തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇവിടം കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. അതിന്റെ പേരില്‍ ചെറിയൊരു സംഘര്‍ഷാവസ്ഥ ഇവിടെ സംജാതമായിരുന്നു. പ്രശസ്തനായ രാം മനോഹര്‍ ലോഹ്യയുടെ പേരിലുള്ള ഒരു എയ്ഡഡ്‌ എല്‍.പി സ്കൂല്‍ കൊട്ടാരം മുക്കിലുണ്ട്‌. ഇവിടെ നിന്നും ഒരു വഴി വാകയാട്‌ വഴി നടുവണ്ണൂരിലേക്കു പോകുന്നു. പ്രൈവറ്റ്‌ ബസ്സുകള്‍ ഓടുന്ന വഴിയാണിത്‌. കൂടാതെ ബാലുശ്ശേരിയില്‍ നിന്നും നടുവണ്ണൂരിലേക്കുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ഈ വഴിയാണ്‌. എന്റെ വീടും ഇതിനടുത്തു തന്നെ. ബാലുശ്ശേരി-കൂട്ടാലിട റോഡിലെ നിര്‍മ്മല്ലൂര്‍ പ്രദേശത്തെ അവസാന ബസ്‌ സ്റ്റോപ്പും ഇതാണ്‌. ദേവിമുക്കിനും കൊട്ടാരം മുക്കിനും മദ്ധ്യേ, ഒരു വഴി വലത്തോട്ടു തിരിഞ്ഞു തൃക്കുറ്റിശ്ശേരി-പൂനത്ത്‌ റോഡില്‍ ചെന്നു ചേരുന്നു. ഈ വഴി ഇപ്പോള്‍ വാഹനയോഗ്യമാക്കുന്നുണ്ട്‌.

മഹാത്മ ഗാന്ധിയുടെ സ്മരണക്കായി ഗാന്ധി സ്മാരക നിധി കേന്ദ്രം നിര്‍മ്മല്ലൂരിലാണ്‌. കൊട്ടാരം മുക്ക്‌-വാകയാട്‌ റോഡിലാണ്‌ ഇത്‌.മലബാറിന്റെ തനതു കലയായ "തിറ" കേമമായി ആഘോഷിക്കുന്ന "ആശാരിക്കല്‍" , ഗാന്ധി സ്മാരക നിധിയുടെ വളരെ അടുത്താണ്‌. വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന തിറയ്ക്ക്‌, ജനങ്ങളുടെ എല്ലാ സഹായങ്ങളുമുണ്ട്‌.

നിര്‍മ്മല്ലൂരുകാര്‍ മിക്ക ആളുകളും ആശ്രയിക്കുന്നത്‌ ബാലുശ്ശേരിയെ ആണ്‌. നേരത്തെ തന്നെ പ്രതിപാദിച്ചിരുന്നതാണ്‌ ബാലുശ്ശേരിയാണ്‌ ഏറ്റവും അടുത്ത പട്ടണമെന്ന്. ആധുനിക സൗകര്യമുള്ള സിനിമാശാലകള്‍, നിരവധി വസ്ത്രാലയങ്ങള്‍ എന്നിവയും, കൂടാതെ ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, പബ്ലിക്‌ ടെലിഫോണ്‍ ബൂത്തുകള്‍ ഇവയെല്ലാം ബാലുശ്ശേരിയില്‍ തന്നെയുണ്ട്‌. കാനറാ, സിന്‍ഡിക്കേറ്റ്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവങ്കൂര്‍, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ ഇവയുടെയെല്ലാം ശാഖകള്‍ ബാലുശ്ശേരിയില്‍ ലഭ്യമാണ്‌. ഉത്തരമേഖലാ പോലീസിനു കീഴിലുള്ള ഒരു സബ്‌/സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോലീസ്‌ സ്റ്റേഷനും ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു.

നിര്‍മ്മല്ലൂര്‍ ഗ്രാമവാസികളില്‍ ഗള്‍ഫുകാര്‍ മുതല്‍ കൂലിവേല ചെയ്യുന്നവര്‍ വരെയുണ്ട്‌. അദ്ധ്വാനശീലരും, സഹകരണശീലവുമുള്ളവരുമാണ്‌ ഒട്ടുമിക്കരും.

ഒരു വളരെ ചെറിയ വസ്തുത മാത്രമേ ഞാന്‍ ഇവിടെ നിര്‍മ്മല്ലൂരിനെ പറ്റി പറഞ്ഞിട്ടുള്ളൂ. ഇനിയും ഈ ഗ്രാമത്തെ അറിയാന്‍, ബഹുദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

3 comments:

Riyas said...

maheshee,assalayittunde ninte nirmalloor vivaranam.conductor raghavnum vayaring surendranumellam ente manasil telinje varunnu.anyway 'ugran'

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

നന്ദി, റിയാസേ...

Shiju said...

ചേട്ടാ,
ഞാന്‍ ഇതു മലയാളം വിക്കിയില്‍ ഇട്ടിട്ടുണ്ട്. ലേഖനത്തിലേക്കുള്ള ലിങ്ക് ഇതാ താഴെ കൊടുത്തിരിക്കുന്നു. അവിടെ പോയി ആവശ്യമായ കൂട്ടിചേര്‍ക്കലുകള്‍ നടത്തി ലേഖനം ഒരു വിന്ജ്ഞാനകോശ സ്വഭാവത്തില്‍ ആക്കാമോ. നന്ദി.
ഷിജു

http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D