Monday, January 8, 2007

കോഴിക്കോടന്‍ പൂളക്കറി

ചേരുവകള്‍:

1) പൂള - ഒരു കിലോ തൊലി കളഞ്ഞത്‌
2) മഞ്ഞള്‍പൊടി - ഇരുപത്‌ ഗ്രാം
3) മുളക്‌ പൊടി - അന്‍പത്‌ ഗ്രാം
4) തേങ്ങ - ചിരവിയത്‌ - ആവശ്യത്തിന്‌
5) പച്ചമുളക്‌ - (വേണമെങ്കില്‍)
4) ചെറുപയര്‍ - ഇരുനൂറു ഗ്രാം
5) വറ്റല്‍ മുളക്‌ - ആവശ്യത്തിന്‌
6) ഉപ്പ്‌ - ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

ഒരു വലിയ പാത്രത്തില്‍ പൂള മുങ്ങിക്കിടക്കുന്ന വണ്ണം വെള്ളം എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ പൂള അതിലേക്ക്‌ ഇടുക. കുറച്ചു മഞ്ഞള്‍പൊടിയും ആവശ്യത്തിന്‌ ഉപ്പും അതില്‍ ഇട്ടശേഷം ഇളക്കുക. വേറൊരു പാത്രത്തില്‍ ചെറുപയര്‍ ഇട്ടു വേവിക്കുക. പാത്രം അടച്ചു വെച്ച്‌ പൂളയെ വേവാന്‍ അനുവദിക്കുക. ഈ സമയത്ത്‌,മിക്സിയില്‍ തേങ്ങ, വറ്റല്‍ മുളക്‌, മുളക്‌ പൊടി, പച്ചമുളക്‌ എന്നിവ സമം ചേര്‍ത്ത്‌ അരയ്ക്കുക.

ഒരു കയ്യിലില്‍ കുറച്ചു പൂളയെടുത്ത്‌ ശരിയായി വെന്തോ എന്നു നോക്കുക. പാത്രത്തിലെ വെള്ളം നന്നായി ഊറ്റിക്കളയണം. അതിനു ശേഷം മിക്സിയില്‍ തയ്യാറായിരിക്കുന്ന ചേരുവ, വേവിച്ച ചെറുപയറുമായി നന്നായി മിക്സുചെയ്യണം. പിന്നീട്‌, ചെറുപയര്‍ വേവിച്ചു വെച്ച പൂളയില്‍ ഇട്ട ശേഷം നന്നായി ഇളക്കുക. ഉപ്പ്‌ വീണ്ടും ആവശ്യമാണെങ്കില്‍ വീണ്ടും ചേര്‍ക്കണം. സ്വാദിനു വേണമെങ്കില്‍ കുറച്ച്‌ പച്ചവെളിച്ചെണ്ണയും ഒഴിച്ച്‌ ഒന്നുകൂടി ഇളക്കുക. പൂളക്കറി റെഡി.

ഇത്‌ ദോശ,പുട്ട്‌,ചപ്പാത്തി, വെള്ളയപ്പം എന്നിവയുടെ കൂടെയോ അതല്ലെങ്കില്‍ ഇത്‌ മാത്രമായോ കഴിക്കാം.

33 comments:

magnifier said...

ഹൂശെന്റപ്പോ....മാഷേ ബ്ലോഗില്‍ കോയിക്കോട്ടുകാരും, കണ്ണൂക്കാരും മലപ്പൊറംകാരും മാത്രമല്ലേയ്...അങ്ങു തിരോന്തരംകാരും ഉണ്ട്..അവരെങ്ങാനും ഇതു വായിച്ചിട്ട് ഈ കറിയെങ്ങാനും കൂട്ടി ചപ്പാത്തി തിന്നണംന്ന് കരുതിയാല്‍....അപ്പാ ആ പറഞ്ഞ സാധനം 1 കിലോ സംഘടിപ്പിക്കണമെങ്കില്‍...!! ഈശ്വരാ ഞാന്‍ ഇവിടെയെങ്ങുമില്ലേയ്...... കാപ്പാത്തുങ്കോ...

കുറുമാന്‍ said...

അറിയാന്‍ പാടില്ലാഞിട്ട് ചോദിക്കുവാ, എന്താ ഈ പൂള?

ഒരു പ്രത്യേക ജില്ലയിലെ പാചകുറിപ്പുകള്‍ എഴുതുമ്പോള്‍, പാചക ചേരുവകള്‍ക്ക് മറ്റു ജീല്ലകളില്‍ ഉപയോഗിക്കുന്ന പേരുകള്‍ വേറേയാണെങ്കില്‍, അതും കൂടി ചേര്‍ക്കാന്‍ ശ്രദ്ദിക്കുമല്ലോ?

ഇക്കാസ് said...

അയ്യോ.. അതറിയാമ്പാടില്ലേ കുറുമാനിക്കാ?
കപ്പ കപ്പോ... കപ്പ.
അതന്നെ പൂള.

പാര്‍വതി said...

കപ്പ അല്ലെങ്കില്‍ ടപ്പിയോക്ക എന്ന് എന്ന പറങ്കീസ്കാരന്‍ പറഞ്ഞ ആ സംഭവം തന്നേല്ലേ ഈ പൂള എന്ന എനിക്കൊരു സംശയം :-)

-പാര്‍വതി.

magnifier said...

ടാപ്പിയോക്ക അല്ല ആ സാധനം...മരച്ചീനിയാണ് ഞങ്ങള്‍ വടക്കന്മാര്‍ ഈ പേരിട്ടു വിളിക്കണ ലവന്‍. പക്ഷേ തിരോന്തരത്തിന്റെ തെക്കേയറ്റത്ത് ആ സാധനത്തിന് ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന പേരുപയോഗിച്ചാല്‍ പാചകം ബഹു കേമമാവും...അതല്ലേ ഞാന്‍ ഓടിക്കോളാന്‍ പറഞ്ഞെ!

ദില്‍ബാസുരന്‍ said...

പലര്‍ക്കും പൂളയെന്താന്നറിയില്ല അല്ലേ? അപ്പൊ ലോകപ്രശസ്തമായ പൂളീഫ് എന്ന വിഭവത്തെ പറ്റി കേട്ട് കാണില്ലല്ലോ. പൂള+ബീഫ്=പൂളീഫ്.

പുഴുങ്ങി ഉടച്ച പൂളക്കിഴങ്ങിലേക്ക് കൊഴുത്ത എരിവുള്ള ബീഫ് കറി ഒഴിച്ച് ഇളക്കി മിക്സ് ആക്കിയത്. ഇത് കഴിച്ചിട്ടില്ലാത്തവര്‍ക്ക് ഏഴ് ജന്മങ്ങളില്‍ മോക്ഷം കിട്ടില്ലത്രേ. അത് പോലെ പൂള+മത്തിക്കറി... അങ്ങനെയങ്ങനെ. :-)

ദില്‍ബാസുരന്‍ said...

മാഗ്നീ,
അഛാ എന്നുള്ളത് കാസര്‍ഗോഡുകാര്‍ക്ക് തെറിയാണ് (ആണ് എന്ന് പറഞ്ഞില്ലാട്ടോ, തമാശയ്ക്കാ.. ജസ്റ്റ് ഫോര്‍ ഹൊറര്‍)എന്ന് വെച്ച് ഞാന്‍ എന്റെ അഛനെ അഛാ എന്നല്ലതെ എന്ത് വിളിയ്ക്കും? അത് പോലെ തന്നെ ഈ പൂളയും.മാറ്റാന്‍ പറ്റില്ല. :-)

പൊതുവാളന്‍ said...

ഏതസുരനാ കാസറഗോഡുകാരെ പറയുന്നത്?:)-
അവിടെച്ചെന്ന് പൂളയെന്നോ കപ്പയെന്നോ പറഞ്ഞിട്ടു കാര്യമില്ല പറഞ്ഞേക്കാം ,
കൊള്ളി(ക്കിഴങ്ങ്)എന്നു പറഞ്ഞാലേ മനസ്സിലാകൂ .
കൂടുതലറിയാന്‍ കാസറഗോഡ് പ്രാദേശിക നിഘണ്ടു കാണുക.ബ്ലോഗ് അഡ്രസ്സ് താഴെക്കൊടുക്കുന്നു.
http://kaanhirodankadhakal.blogspot.com/

magnifier said...

ഹ ഹാ‍ാ..ദില്‍ബൂ ഞാനേയ് അതിലൊരു തമാശ കണ്ടതാ ട്ടോ....ഇനി അഥവാ വല്ല തിരോന്തരം കാരനും ഇതു വായിച്ച് അപ്പറഞ്ഞ സാധനം 1 കിലൊ സംഘടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാലോ എന്ന് എന്റെ ഭാവനയെ ഒന്ന് കയറൂരി വിട്ടാ‍താ...അതു തിരിച്ചുമാവാം. ഈ Splendid ponyfish അഥവാ മുള്ളന്‍ എന്ന് ഞങ്ങളുടെ നാട്ടില്‍ പറയണ മീന്‍ ഉപയോഗിച്ച് കറി വെക്കണ വിധം ആ വടക്കന്‍ തിരോന്തരന്‍ പ്രസ്തുത മീനിന് അവിടെപ്പറയണ പേരുപയോഗിച്ച് ബ്ലോഗിയാല്‍, അതും വായിച്ച് വിവരദോഷിയായ ഏതേലും കോയ്ക്കോട്ട്കാരന്‍ ചന്തേലെറങ്ങി ആ മീനനെ ചോദിച്ചാല്‍ അവന്റെ പുലകുളി അടിയന്തിരം എപ്പോക്കഴിഞ്ഞു എന്നു ചോദിച്ചാല്‍ മതി....!!

അറിയാത്തവര്‍ക്ക് ഒരു ക്ലൂ : ഈ ബ്ലോഗില്‍ പറഞ്ഞ സാധനത്തിന്റെയും ഈ മീനിന്റെയും ദേശാന്തര നാനാവിധാര്‍ഥങ്ങള്‍ ഒരേ സംഗതിയുടെ “പുല്ലിംഗവും സ്ത്രീലിംഗവു“ മാവുന്നു!

(അപ്പാ... അതൊരൊന്ന്നൊന്നര ക്ലൂ ആണല്ലോ. )

മതി ഇനീം പറഞ്ഞാ ഏവൂരാന്‍ എന്നെ ചെവിക്ക് പിടിച്ച് തൂക്കിക്കറക്കി അമ്മിക്കല്ലില്‍ ഇഞ്ചി ചതച്ച പരുവമാക്കും...സലാം!

ദില്ലൂ, ആ പൂളീഫ് കലക്കി ട്ടാ...ചക്കൊളം ഷാപ്പിലേക്ക് ഒരു വിസിറ്റടിക്കുന്നോ.....നല്ല വാഴയില വാട്ടി പൊതിഞ്ഞുകിട്ടും ആ സാധനം

കരീം മാഷ്‌ said...

$

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

അയ്യോ...കൂ‍ട്ടുകാരേ, ഇതും കൂടി ചേര്‍ത്തു വായിക്കൂ. ഈ പേരുകളില്‍ അറിയപ്പെടുന്നു.

1) തിരുവനന്തപുരം - കപ്പ
2) കൊല്ലം - കപ്പ
3) ആലപ്പുഴ - കപ്പ
4) പത്തനംതിട്ട - കപ്പ
5) കോട്ടയം - മരച്ചീനി/ കപ്പ
6) എറണാകുളം - മരച്ചീനി/കപ്പ
7) ഇടുക്കി - മരച്ചീനി/കപ്പ
8) ത്രിശ്ശൂര്‍ - കൊള്ളിക്കിഴങ്ങ്
9) പാലക്കാട് - കൊള്ളീക്കിഴങ്ങ്/മരച്ചീനി
10) മലപ്പുറം - പൂള
11) കോഴിക്കോട് - പൂള
12) വയനാട് - പൂള/കപ്പ
13) കണ്ണൂര്‍ - പൂള
14) കാസര്‍ഗോഡ് - പൂള

sandoz said...

കപ്പ...കപ്പേയ്‌..അങ്ങനെയല്ലേ മാഷേ.

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

അതു തന്നെ പാര്‍വതി. പറങ്കീസ്കാരന്‍ പറഞ്ഞ “ടപ്പിയോക്ക” തന്നെ ഈ “കപ്പ”. ഇതിനു പിന്നിലും ഒരു ചരിത്രമുണ്ട്. പണ്ട് പറങ്കികള്‍ വന്നപ്പോള്‍ അവരുടെ കാലില്‍ എന്തോ തടഞ്ഞു. ഉടനെ തന്നെ അതില്‍ ഒരു പറങ്കി പറഞ്ഞു “നമ്മള്‍ക്കു എന്താണെന്നു തപ്പി നോക്കാം”. അങ്ങനെ അവര്‍ മണ്ണ് മാന്തി നോക്കി. അങ്ങനെ അവര്‍ക്കു കിട്ടി നീളത്തില്‍ ഉള്ള ഒരു കിഴങ്ങ്. കാലില്‍ തടഞ്ഞ ആള്‍ ഉടനെ തന്നെ പറഞ്ഞു. ആഹാ..ഇതിനെ നമുക്കു “തപ്പിനോക്കാം” എന്നു തന്നെ വിളിക്കാം. അങ്ങനെ “തപ്പിനോക്കാം” ലോപിച്ചാണ്, “ടപ്പിയോക്ക” ആയത്.

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

അതെ ദില്‍ബാസുരാ...”അഛനെ”പ്പോലെ തന്നെ , ഈ “പൂള” യും നമുക്കു മലബാര്‍കാര്‍ക്കു മാറ്റാന്‍ പറ്റില്ലല്ലോ?

“നീങ്കള്‍ പറഞ്ഞത് ഉണ്മൈ”

കൃഷ്‌ | krish said...

ചില ഭാഗങ്ങളില്‍ നാടന്‍ പഞ്ഞിക്കായിന്‌ "പൂളക്കായ്‌" എന്നും പറയുന്നുണ്ട്‌.

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

ഛെ...ഒരു കയ്യബദ്ധം പറ്റിപ്പോയി. പൂളക്കറി ഉണ്ടാക്കിയത് എന്റെ തെറ്റ്. ഭാഷയുടെ ഒരു തരം ബുദ്ധീമുട്ട് വല്ലാതെ ഞെരുക്കത്തിലാക്കുന്നു. തിരോന്തോരം പൂളയെപ്പറ്റി എനിക്കറിയില്ല. അതെന്താ അത്ര മോശം പൂളയാണോ? അടുത്ത പ്രാവശ്യം വേറെ എന്തെങ്കിലും കറിയുണ്ടാക്കന്‍ ശ്രമിക്കാം.

ചേച്ചിയമ്മ said...

ഒരു കുഞ്ഞുസംശയമുണ്ടേ....രണ്ട്‌ പറങ്കികള്‍ സംസാരിക്കുമ്പോള്‍ 'തപ്പിനോക്കാം'എന്ന് മലയാളത്തില്‍ പറയുമോന്ന്......ഏത്‌?....മലയാളമറിയുന്ന പറങ്കികള്‍ ആയിരിക്കുമോ?.....യ്യോ!!ഈ എന്റെ ഓരോ സംശയങ്ങളേ....

ഏറനാടന്‍ said...

അതു ശരി! ഇവിടെ ഇങ്ങനൊരു ഗലാട്ടാ നടന്നിരുന്നുവോ? പൂളക്കിഴങ്ങിനെ പാചകം ചെയ്യുന്നതിലും കേമം അതിവിടെ പറഞ്ഞവനെയായല്ലോ.
ഓരോരോ വകഭേതങ്ങളേയ്‌ ഈ മലയാളഫാഷേടെ ഒരു ക്യാര്യം!!

magnifier said...

ഹ ഹാ..നിര്‍മ്മല്ലൂര്‍ക്കാരാ ദേഷ്യം വന്നുവോ? സാരല്യാട്ടോ..ഇതാ ഈ ബ്ലോഗ്.അല്ലെങ്കില്‍ ഇതൊക്കെ ക്കൂടെയാ ബ്ലോഗിംഗ്. ബൈ ദ ബൈ, ബാലുശ്ശേരിയില്‍ എവിടാ ഈ നിര്‍മ്മല്ലൂര്‍..നല്ല മനോഹരമായ പേര്...ഞാനേയ് ഒര് കൊയിലാണ്ടിക്കാരനാ..അതോണ്ട് ചോദിച്ചതാ...

പിന്നെ തിരോന്തരം പൂള ഇനീം പിടികിട്ടിയില്ലേ? ഞാന്‍ പറഞ്ഞില്ലേ അതൊരു പുല്ലിംഗം ആണെന്ന്! അദന്നെ!!

കുറുമാന്‍ said...

അതേ, നിര്‍ത്ത്, നിര്‍ത്ത്, മതി, മതി (ഇനി മതിയുടെ അര്‍ത്ഥം വേറേയാണെന്നു പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും).

പൂളേം, മൂളേം ഒന്നും അതികം വേവിക്കാണ്ട് എല്ലാരും പിരിഞ്ഞു പോ..

അല്ലെങ്കില്‍ ഞാന്‍ വെടി വയ്ക്കും (ദേ ഇവിടേം വന്നു മലയാളം വാക്കുകളുടെ പ്രശ്നം)

magnifier said...

കുറൂ..ഇത് കൊയിലാണ്ടിക്കാര്‍ ലോഗ്യം പറയണതല്ലേ..ചുമ്മാ ഇവിടെ കിറുങ്ങി (സ്വാറി, ഈ വാ‍ക്കുകളുടെ ഒരു പ്രശ്നേയ്..കറങ്ങി എന്നാ ഉദ്ദേശിച്ചെ) നടക്കാതെ ആ ഭാഗം പന്ത്രണ്ട് ഒന്നു പോസ്റ്റാക്കൂ...ഒരു കളഞ്ഞുകിട്ടിയ തോക്ക് എന്റടുത്തും കാണും ട്ടാ...

Radheyan said...

ദുബായില്‍ വന്ന കാലം.സണ്‍റൈ‍സില്‍ ഉണക്ക മുള്ളന്‍ ഇരിക്കുന്നത് കണ്ട് അല്‍പ്പം അകലെ നിന്ന സുഹൃത്തിനോട് ഉച്ചത്തില്‍ “എടാ ഉണക്ക..... ദേ”

അവന്‍ ഓടി വന്ന് എന്റെ വായ് പൊത്തിയതും അടുത്ത് നിന്ന പ്രായമുള്ള സ്ത്രീ(മലബാറുകാരിയായിരിക്കണം) എന്നെ തുറിച്ച് നോക്കിയതും എന്തിനെന്ന് മനസ്സിലായത് അവന്‍ സംഭവം ഡീറ്റൈല്‍ ആയി പറഞ്ഞ ശേഷമാണ്.

ഈ മലയാളികളുടെ ഓരോ പ്രോബ്ലംസേ....

ദില്‍ബാസുരന്‍ said...

ഉണക്ക മുള്ളനോ? അതെന്താ സാധനം? സത്യമായും കേട്ടിട്ടില്ല. അതിന്റെ മലബാര്‍ പേര് എന്താണാവോ. അതും ഇനി തെറിയാണോ? ഞങ്ങള്‍ മലബാറുകാരുടെ വാക്കുകളൊക്കെ തെറിയാക്കി വെച്ചവനാരെടാ? :-)

sandoz said...

കുറുമാന്‍ തോക്കെടുത്തോ.എന്നാല്‍ പ്രശ്നമാണു.കുറുമാന്‍ പറഞ്ഞാല്‍ പറഞ്ഞത്‌ പോലെ ചെയ്യും..എന്ത്‌-വെടി വയ്ക്കുമെന്ന്.

ഇക്കാസ് said...

ചങ്ങനാശ്ശേരി ഹോമിയോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോണെങ്കില്‍ ബസ്സില്‍ കയറി ‘കുറിച്ചി’ എന്നു തന്നെ പറയണം. അല്ലാതെ ‘മുള്ളന്‍’ എന്ന് പറഞ്ഞാ‍ല്‍ കണ്ടക്ടര്‍ ടിക്കറ്റ് തരില്ല. കുറേ മലയാളം വാക്കുകളുടെ അര്‍ത്ഥവും നാനാര്‍ഥവും പറഞ്ഞ് വെറുതെ നിര്‍മ്മല്ലൂക്കാരന്റെ പൂളക്കറി ചീത്തയാക്കണോ?

magnifier said...

അപ്പാ‍ാ...ഇക്കാസ് വെടിവെച്ചു...ഞാന്‍ ചത്തു! ശവമടക്ക് നാ‍ളെ...അപ്പൊ ഇനി അടുത്ത കറിയില്‍ കാണാം. സലാം

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

കോഴിക്കോട്ട് ചില വീട്ടുപേരുകള്‍ “കണ്ടി” എന്ന പേരില്‍ അവസാനിക്കുന്നു. ഉദാ: പുളിയന്‍ കണ്ടി, പാണന്‍ കണ്ടി, കൊല്ലന്‍ കണ്ടി എന്നിവ. മറ്റു ചില പ്രദേശങ്ങളില്‍ “കണ്ടി” എന്നു പറഞ്ഞാല്‍ വേറെ അര്‍ത്ഥം ആണ്. ദേ..ഒരു കാര്യം പറയാം, ഞാന്‍ ദില്‍ബാസുരന്റെ ഭാഗത്താണ്. മലബാറുകാരുടെ എല്ലാ വാക്കുകളും “തോന്ന്യാസം” ആക്കല്ലേ, കൂട്ടരേ?

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

കരീം മാഷ് എന്താ ഒന്നും മിന്ദാതിരിക്കുന്നേ?

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

ബാലുശ്ശേരിയില്‍ നിന്നും മഞ്ഞപ്പാലം വഴി കൂട്ടാലിടയ്ക്കു പോകുന്ന വഴിയിലാണ് “നിര്‍മ്മല്ലൂര്‍” എന്ന എന്റെ ഗ്രാമം. “മണിക്കുട്ടി” എന്ന പേരില്‍ ബ്ലോഗുന്നത് എന്റെ ഒരു നാട്ടുകാരനാ...

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

ഇക്കാസേ, തെക്കന്മാര്‍ “കൊടം” എന്നു പറയുന്നതും, മലബാറുകാര്‍ “കൊടം” എന്നു പറയുന്നതും ഒന്നാണോ? ഛെ...മലയാളഭാഷയുടെ ഒരു ശാപം...

പൊതുവാളന്‍ said...

“അയ്യോ...കൂ‍ട്ടുകാരേ, ഇതും കൂടി ചേര്‍ത്തു വായിക്കൂ. ഈ പേരുകളില്‍ അറിയപ്പെടുന്നു.
14) കാസര്‍ഗോഡ് - പൂള “

നിര്‍മ്മല്ലൂര്‍ക്കാരന്‍ ഇതെഴുതുന്നതിനു മുന്‍പ് താഴെയുള്ള എന്റെ കമന്റ് വായിച്ചില്ലെന്നു തോന്നുന്നു. പ്രാദേശിക ഭാഷാ ഭേദം എഴുതുന്നതിനു മുന്‍പ് അത് ശരിയാണോ എന്നന്ന്വേഷിക്കേണ്ടതല്ലേ സുഹൃത്തേ?

“ഏതസുരനാ കാസറഗോഡുകാരെ പറയുന്നത്?:)-
അവിടെച്ചെന്ന് പൂളയെന്നോ കപ്പയെന്നോ പറഞ്ഞിട്ടു കാര്യമില്ല പറഞ്ഞേക്കാം ,
കൊള്ളി(ക്കിഴങ്ങ്)എന്നു പറഞ്ഞാലേ മനസ്സിലാകൂ .
കൂടുതലറിയാന്‍ കാസറഗോഡ് പ്രാദേശിക നിഘണ്ടു കാണുക.ബ്ലോഗ് അഡ്രസ്സ് താഴെക്കൊടുക്കുന്നു.
http://kaanhirodankadhakal.blogspot.com/ “

അരീക്കോടന്‍ said...

ഒരു പൂളക്കറി ബെക്കാം ന്ന് ബിചാരിച്ചു ബെന്നപ്പം ഇബടെ തല്ലുമ്പുടി....ഞാന്‍ പോവാ

നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

സത്യം പറ മലപ്പുറത്തുകാരേ, കോയിക്കോട്ടുകാരേ, ഇങ്ങള്‍ “പൂളക്കറി” ഇഷ്ടപ്പെടുന്നവരല്ലേ? ശരിയാ, പൊതുവാളാ, പ്രാദേശികഭാഷാഭേദം ഞാന്‍ അത്ര ശ്രദ്ധിച്ചില്ല. അതെന്റെ തെറ്റ്. ഓ..ഒരു പൂളക്കറി ഉണ്ടാക്കാമെന്നു വിചാരിച്ചപ്പോള്‍ പറ്റിയ അമളിയേ. മലബാറുകാര്‍ക്കു പല ഭാഷാഭേദങ്ങള്‍ ഉണ്ട്. അതിനെ ചൊല്ലി ആരും തല്ലൂട്ടം ഉണ്ടാക്കണ്ട. ഞമ്മക്ക് ഈ നാട്ടുകാരാ, ഈ ഭാഷയേ അറിയൂ. ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് പിടിച്ചില്ലെന്നു വരാം. സാരമില്ല.